Wednesday, February 24, 2016

രണ്ടാം അദ്ധ്യായം- സാംഖ്യയോഗം

അര്‍ജ്ജുനന്‍ പറഞ്ഞു:
അല്ലയോ ശത്രുഘാതകാ മധുസൂതനാ, പൂജാര്‍ഹരായ ഭീക്ഷ്മരേയും ദ്രോണരേയും അമ്പുകൊണ്ടു ഞാന്‍ യുദ്ധത്തില്‍ എങ്ങിനെ എതിരിടും?
2,4
ഭൂമിയില്‍ ശത്രുക്കളില്ലാത്ത സമ്പന്നമായ രാജ്യവും ദേവന്മാരുടെ മേല്‍ പോലും ആധിപത്യവും ലഭിച്ചാലും, ഇന്ദ്രിയങ്ങളെ വരട്ടുന്ന ഈ ശോകം ശമിപ്പിക്കുന്നതായി ഒന്നും ഞാന്‍ കാണുന്നില്ല.
(അര്‍ജ്ജുനന്‍)
2,8
ദുഃഖിക്കേണ്ടവരാത്തെക്കുറിച്ച് നീ ദുഃഖിച്ച്,
പണ്ഡിതന്റെ മട്ടിലുള്ള വാക്കുകള്‍ പറയുകയും ചെയ്യുന്നു!
'പണ്ഡിതന്മാര്‍ മരിച്ചവരെക്കുറിച്ചും
മരിക്കാത്തവരെക്കുറിച്ചും ദുഃഖിക്കുന്നില്ല'.
2,11

മനുഷ്യന്‍ എങ്ങനെ കീറിയ വസ്ത്രങ്ങള്‍ വെടിഞ്ഞു പുതിയവ സ്വീകരിക്കുന്നുവോ അത്പോലെ ആത്മാവ് ജീര്‍ണ്ണിച്ച ദേഹങ്ങള്‍ വെടിഞ്ഞു വേറെ പുതിയവ കൈക്കൊള്ളുന്നു.
2,22
ഇവന്‍ (ആത്മാവ്) ഛേദിക്കപ്പെടാത്തവനാണ്; ദഹിപ്പിക്കാന്‍ കഴിയാത്തവനാണ്; നനയാത്തവനാണ് ; ഉണങ്ങാത്തവനുമാണ്
ഇവന്‍ നിത്യനും സര്‍വ്വവ്യാപിയും സ്ഥിരസ്വഭാവനും ,
നിശ്ചലയും അനാദിയുമാണ്
2,24
ആശ്ചര്യത്തോടെ കാണുന്നു ചിലര്‍ ഇവനെ (ആത്മാവിനെ);
ആശ്ചര്യത്തോടെ പറയുന്നു അതുപോലെ മറ്റൊരാള്‍;
ആശ്ചര്യത്തോടെ ഇവനെപ്പറ്റി വേറൊരാള്‍ കേള്‍ക്കുന്നു,
കേട്ടിട്ടും ഇവനെ അറിയുന്നില്ല ഒരാളും.
2,29
എല്ലാവരുടെയും ദേഹത്തിലുള്ള ഈ
ദേഹി വധിക്കപ്പെടാവുന്നവനല്ല ഭാരത
അതിനാല്‍ യാതൊരു ജീവിയെക്കുറിച്ചും
നീ ശോചിക്കേണ്ടതില്ല.
2,30
സ്വധര്‍മ്മത്തെ പറ്റി അലോചിച്ചും
നീ കുലുങ്ങേണ്ടതില്ല.
ധര്‍മ്മസംഗതമായ യുദ്ധത്തേക്കാള്‍ ശ്രേയസ്കരമായി
ക്ഷത്രിയനു മറ്റൊന്നും അറിയപ്പെടുന്നില്ല തന്നെ.
2,31
അപ്രതീക്ഷിതമായി അടുത്തു
സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറക്കപ്പെട്ടിരിക്കുന്നു.
ഭാഗ്യവാന്മാരായ ക്ഷത്രിയര്‍ക്കാണ് യുദ്ധം ചെയ്യാന്‍ ഈ വിധം അവസരം ലഭിക്കുന്നത് പാര്‍ത്ഥാ.
2,32
ഇനി ഈ ധര്‍മ്മസംഗതമായ
യുദ്ധം നീ ചെയ്യില്ലെങ്കില്‍
അതുകാരണം സ്വധര്‍മ്മവും കീര്‍ത്തിയും
കൈവിട്ട് നീ പാപം നേടും
2,33
തന്നെയുമല്ല ജീവികള്‍ നിനക്ക് ഒടുങ്ങാത്ത
ദുഷ്ക്കീര്‍ത്തി പറഞ്ഞുപരത്തുകയും ചെയ്യും .
ബഹുമാനം നേടിയവന് ദുഷ്കീര്‍ത്തി
മരണത്തേക്കാള്‍ വലുതുമാണ്
2,34
മരിച്ചാലോ സ്വര്‍ഗ്ഗം നേടാം
ജയിച്ചാലോ, ഭൂമി അനുഭവിക്കാം
അതുകൊണ്ട്യുദ്ധത്തിന് നിശ്ചയിച്ചുറച്ച്
എഴുന്നേല്‍ക്കുക, കുന്തീപുത്ര
2-37
എല്ലായിടത്തും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുമ്പോള്‍ കിണറ്റില്‍ നിന്ന് എത്ര പ്രയോജനം ഉണ്ടോ, അത്രയേ അഭിജ്ഞനായ (ജ്ഞാനനിഷ്ഠനായ) ബ്രാഹ്മണനു വേദങ്ങളില്‍ എല്ലാറ്റില്‍ നിന്നും ഉള്ളൂ..
2,46
ധനഞ്ജയാ, കര്‍മ്മയോഗത്തേക്കാള്‍ വളരെ നികൃഷ്ടമാണ് ഫലാപേക്ഷയോടുകൂടിയുള്ള കര്‍മ്മം. ബുദ്ധിയോഗത്തില്‍ അതായത് സമചിത്തതയോടുകൂടിയ കര്‍മ്മത്തില്‍ ശരണം തേടുക. അല്പന്മാരാണ് ഫലത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്നവര്‍.
2,49

ബുദ്ധിയോഗനിഷ്ഠന്‍ അതായത് സമചിത്തന്‍/കര്‍മ്മയോഗി, ഈ ലോകത്തുവച്ചു തന്നെ പുണ്യപാപങ്ങള്‍ രണ്ടും ത്യജിക്കുന്നു. അതുകൊണ്ട് യോഗത്തിന് ഒരുങ്ങുക. യോഗം പ്രവര്‍ത്തിയിലുള്ള (നിഷ്ക്കാമമായ) സാമര്‍ത്ഥ്യം തന്നെ ആണ്
2,50
ബുദ്ധിയോഗയുക്തരായ വിവേകികള്‍ കര്‍മ്മം കൊണ്ടുണ്ടാകുന്ന ഫലം ത്വജിച്ചിട്ട്, ജന്മബന്ധത്തില്‍ നിന്ന് മോചനം നേടി, ദോഷമില്ലാത്ത സ്ഥാനത്തു എത്തിച്ചേരും.
2,51
വിശദമായി:
ഫലം പ്രതീക്ഷിക്കാതെ കര്‍മ്മം ചെയ്യുമ്പോള്‍ കര്‍മ്മം ബന്ധകാരണമാകുന്നില്ല. കര്‍മ്മഫലം ഇച്ഛിക്കാത്തവുനു പുനര്‍ജ്ജന്മവും ഉണ്ടാവുകയില്ല. പുനര്‍ജന്മമില്ലെങ്കില്‍ മുക്തി (ജനനമരണ ചക്രത്തില്‍ നിന്നുള്ള മോചനം. പിന്നെ ജനിക്കേണ്ടിവരില്ല) ലഭിച്ചു കഴിഞ്ഞു.
അപ്പോള്‍ *അനാസക്തി തന്നെയാണ് മോക്ഷ കാരണം.
ദുഃഖങ്ങളിലും ദുഃഖകാരണങ്ങളിലും ഏതൊരുവന്റെ മനസ്സു നടുങ്ങിന്നില്ലയോ, അതുപോലെ സുഖങ്ങളിലും സുഖസാധന ങ്ങളിലും ആര്‍ക്ക് കൊതിയുണ്ടാകുന്നില്ലയോ, രാഗവും ക്രോധവും ഭയവും ആരില്‍ നിന്നു വിട്ടുനില്‍ക്കുന്ന്വോ, ആ തത്ത്വവിചാരശീലനെ സ്ഥിതപ്രജ്ഞനെന്നു പറയുന്നു.
2,56
[ഭഗവാന്‍ പറയുന്നു.
ദുഃഖത്തില്‍ പതറാതെ,
സുഖത്തില്‍ ആസക്തിയില്ലാതെ,
രാഗവും ക്രോധവും ഭയവും ഇല്ലാതെ ഇരിക്കാന്‍ ആര്‍ക്ക് സാധിക്കുന്നുവോ അവര്‍ സ്ഥിതപ്ര്ജ്ഞര്‍ ആണ്.]

ഇന്ദ്രിയങ്ങളെ ഉപസംഹരിക്കുന്നവനെ വിഷയങ്ങള്‍ വിട്ടുനില്‍ക്കുന്നു. എന്നാല്‍ അവയിലുള്ള വാസന അവിടെത്തന്നെ നില്‍ക്കുന്നു. ആത്മസാക്ഷാത്കാരംകൊണ്ടേ ആ വാസന വിട്ടുപോകയുള്ളൂ..
2,59
[ഇന്ദ്രിയങ്ങളെ അടക്കിയാലും പെട്ടെന്നൊന്നും
അതിലുള്ള വാസന അടങ്ങുകയില്ല. പൂര്‍ണ്ണമായി അടക്കണം എങ്കില്‍ മനസ്സിനെ ആത്മാവിലേയ്ക്ക് തിരിച്ചാലേ പറ്റൂ.]
മനസ്സൊതുങ്ങാതെ ആത്മബോധം സമ്പാദിപ്പാന്‍ സാദ്ധ്യമല്ല. അതുപോലെ തന്മയീഭാവത്തിന്നു സാധനമായ ഭാവനയും അവന്ന് ഉണ്ടാകുന്നില്ല. ഭാവന ചെയ്യാതിരിക്കുന്നവന്റെ മനസ്സില്‍ ശാന്തിയുണ്ടാകുന്നതല്ല. അങ്ങനെ ശാന്തിയില്ലാത്തവന് ശരിയായ സുഖവും ഉണ്ടാകയില്ല. 
2,66

ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ വ്യാപരിക്കെ അവയെ പിന്‍‌തുടരുന്ന വിവേകമില്ലാത്ത മനസ്സ്, കാറ്റ് കടലില്‍ തോണിയെയെന്നപോലെ സാധകന്റെ വിവേകത്തെ നശിപ്പിക്കുന്നു.
2,67

അര്‍ജ്ജുന, നീ ചോദിച്ച സ്ഥിതപ്രജ്ഞന്റെ ലക്ഷണം ഇതാകുന്നു. ഈ നിലയിലെത്തിയവന്ന്‌ ഒരിക്കലും മോഹമോ ശോകമോ ഉണ്ടാകുന്നില്ല. മരണകാലത്തെങ്കിലും ഈ നില സമ്പാദിച്ചാല്‍ ബന്ധത്തില്‍നിന്നു നിവര്‍ത്തിച്ച് പരമാനന്ദസുഖത്തെ അനുഭവിക്കാം (മുക്തി പ്രാപിക്കാം). 
2,72
***രണ്ടാം അദ്ധ്യായം സമാപ്തം***
----
രണ്ടാം അദ്ധ്യായത്തിന്റെ രത്ന ചുരുക്കം..
ശ്രീകൃഷ്ണ ഭഗവാന്‍ രണ്ടാം അദ്ധ്യായത്തില്‍ ആദ്യം 
1-10: യുദ്ധം ചെയ്യാനാവാതെ തളര്‍ന്നിരിക്കുന്ന അര്‍ജ്ജുനന്റെ സംശയങ്ങള്‍.. അവ നീക്കിത്തരേണമേ എന്ന അപേക്ഷയും.
11-30 വരെ,
ആത്മാവിന്റെ അനശ്വരതയും ശരീരത്തിന്റെ നശ്വരതയും വേറ്തിരിച്ചു വിവരിച്ച്, അര്‍ജ്ജുനന്റെ യുദ്ധ ഭയം മാറ്റുന്നു.
ആത്മാവ് ഇന്ദ്രിയങ്ങള്‍ കൊണ്ട കാണാന്‍ പറ്റാത്തതും, മനസ്സുകൊണ്ട് അറിയാന്‍ പറ്റാത്തതും, മാറ്റമില്ലാത്തതും ആണ്.
അങ്ങിനെയുള്ള സ്ഥിരമായ ഒരു വസ്തുവെപറ്റി ഓര്‍ത്തു ദുഃഖിക്കേണ്ട കാര്യം ഇല്ല എന്ന് അര്‍ജ്ജുനനെ പറഞ്ഞ് മനസ്സിലാക്കിക്കുന്നു. എല്ലാവരുടെ ഉള്ളിലും സ്ഥിതിചെയ്യുന്ന അദൃശ്യമായ ആ ആത്മാവ് നിത്യനും സര്‍വ്വവ്യാപിയും ആണ്. ദേഹങ്ങള്‍ മരിച്ചുവെന്നു കരുതി ആത്മാവിന് ഒരു മാറ്റവും ഉണ്ടാവുന്നില്ല. അത് എന്നും ഉണ്ടായിരിക്കും . അതിനാല്‍ ദുഃഖിക്കണ്ട എന്ന്
പിന്നീട്, 30-39:
യുദ്ധം സ്വധര്‍മ്മമാണെന്നും അതില്‍ നിന്ന് പിന്മാറിയാലുള്ള ദോഷങ്ങളും അപമാനങ്ങളും വിവരിച്ച്, അര്‍ജ്ജുനന്റെ സ്വധര്‍മ്മത്തെ പറ്റി ബോധവാനക്കുന്നു.സുഖമായാലും ദുഃഖമായാലും ഒരുപേലെ സമചിത്തതയോടെ
സ്വീകരിക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുക. അതുപോലെ ലാഭമായാലും നഷ്ടമായാലും ഒരുപോലെ സ്വീകരിക്കുക. ജയിക്കയാണെങ്കിലും തോല്‍ക്കയാണെങ്കിലും ഒരുപോലെ അംഗീകരിക്കുക. അങ്ങിനെ സമചിത്തതയോടെ, സ്വാര്‍ദ്ധലാ‍ഭത്തിനായല്ലാതെ ധര്‍മ്മപരിപാലനത്തിനെ ഉദ്ദേശിച്ച് മാത്രം യുദ്ധം ചെയ്യുമ്പോള്‍ അതില്‍ പാപം ഉണ്ടാകയില്ല എന്ന് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ സാന്ത്വനിപ്പിച്ച് ധൈര്യം നല്‍കുന്നു.(ജ്ഞാ‍നയോഗം). അതിന്‍ പ്രകാരം കര്‍മ്മയോഗപ്രകാരം ജീവിക്കണം എന്നു പറഞ്ഞുവല്ലൊ, 39 വരെ. 
39 മുതല്‍ കര്‍മ്മയോഗത്തെ പറ്റി കൂടുതല്‍ വിവരിക്കുന്നു.
ഫലപ്രതീക്ഷകൂടാതെയുള്ള കര്‍മ്മമാണ് കര്‍മ്മയോഗം എന്നും . തുടങ്ങിവച്ചാല്‍ ഒരു തരത്തിലും ദോഷം ഉണ്ടാകയില്ലെന്നും. അടുത്ത ജന്മത്തിലെങ്കിലും പൂര്‍ത്തീകരിക്കാനാവുമെന്നും ഒക്കെ. 39-40
ശരിക്കുമുള്ള കര്‍മ്മയോഗികള്‍ വേദം പഠിച്ചവരെക്കാള്‍ ശ്രേഷ്ഠര്‍ ആണെന്നു സമര്ത്ഥിക്കുന്നു 42-46
നിസ്സംഗനായി തന്റെ ധര്‍മ്മം സമചിത്തതയോടെ ഫലപ്രതീക്ഷകൂടാതെ ആചരിക്കല്‍ ആണ് കര്‍മ്മയോഗം, കര്‍മ്മഫലത്തില്‍ ആസക്തി വയ്ക്കുന്നവര്‍ നികൃഷ്ടര്‍, വേദവാക്യങ്ങള്‍ കേട്ടുഴലുന്ന മനസ്സ് എപ്പോള്‍ നിശ്ചലമായി ആത്മാവില്‍ ഉറക്കുന്നുവോ അപ്പോള്‍ യോഗിയാവുന്നു (കര്‍മ്മയോഗി) 47-53
കര്‍മ്മയോഗിയെ പറ്റി വിവരിക്കുംപ്പോള്‍ അര്‍ജ്ജുനന്‍ അങ്ങിനെ സ്ഥിതപ്രജ്ഞ നേടിയ കര്‍മ്മയോഗികളുടെ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് ചോദിക്കുന്നു..
(54)
55 മുതല്‍ സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ വിവരിക്കുന്നു
ആത്മാവ് ആത്മാവിനാല്‍ തുഷ്ടനായവന്‍ സ്ഥിതപ്രജ്ഞന്‍, സുഖ ദുഃഖങ്ങളെയും ശുഭാശുഭങ്ങളെയും ഒരുപോലെ കാണുന്നവന്‍ സ്ഥിതപ്രജ്ഞന്‍, ആമയെപ്പോലെ ഇന്ദ്രിയങ്ങളെ ലൌകീകാസക്തികളില്‍ നിന്നും ഉള്‍വലിക്കാനാവുന്നവന്‍ സ്ഥിതപ്രജ്ഞന്‍
60-64 മുതല്‍ ഇന്ദ്രിയങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്തുവാനുള്ള ക്ലേശവും , നിര്‍ത്താനായാലുള്ള ശ്രേഷ്ഠതയും,
നിര്‍ത്താനാവാതെയായാലുള്ള ദോഷവും (വിഷയങ്ങള്‍-ആസക്തി-കാമം-കോപം- വിവേകശൂന്യത-ഓര്‍മ്മക്കേട്-ബുദ്ധിനാശം=സര്‍വ്വനാശം എന്നിങ്ങനെ.)
64,65- സ്ഥിതപ്രജ്ഞന്‍ അനുഭവിക്കുന്ന ആനന്ദം.. ചിത്ത പ്രസാദം 
66, 67 - സ്ഥിതപ്രഞ്ജത നേടാതിരുന്നാലുള്ള ദോഷം.
67 മുതല്‍ 69 വരെ വീണ്ടും സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍, ശ്രേഷ്ടതകള്‍ വിവരിക്കുന്നു.
69 മുതല്‍ 72 വരെ സ്ഥിതപ്രജ്ഞതയിലൂടെ
ബ്രഹ്മനിഷ്ഠനായവനെ വിവരിക്കുന്നു.
മോക്ഷം കിട്ടിയാലുള്ള അവസ്ഥയെ പറ്റി വിവരിക്കുന്നു.
മനോജയവും നിഷ്ക്കാമകര്‍മ്മവും സ്ഥിതപ്രജ്ഞതയും,
ഒക്കെ കൈവരിക്കുന്നത് ഈ പരമമായ ലക്ഷ്യത്തിലേയ്ക്കാണല്ലൊ
മോക്ഷം പ്രാപിക്കാന്‍!
'മോക്ഷം' എന്നാല്‍ ജനനമരണങ്ങളില്ലാത്ത അവസ്ഥ.
എല്ലാ ജീവനും പരോക്ഷമായി പ്രയാണം ചെയ്യുന്നത് ഈ പരമമായ ആനന്ദത്തില്‍ (മോക്ഷത്തില്‍) എത്തുവാനാണ്. ഗീതയില്‍ എങ്ങിനെ മോക്ഷം നേടാം എന്നതിന്റെ വഴികള്‍ നമുക്ക് പറഞ്ഞുതരുന്നു ഭഗവാന്‍..

No comments:

Post a Comment