Thursday, March 2, 2017

ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം- പതിമൂന്നാം അദ്ധ്യായം

പതിമൂന്നാം അദ്ധ്യായം 
ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
ശ്രീഭഗവാന്‍ പറഞ്ഞു:
അല്ലയോ അര്‍ജ്ജുന, ഈ ശരീരത്തെയാണ് ക്ഷേത്രമെന്ന് പറയുന്നത്.
ഇതറിയുന്നവനെ തത്ത്വജ്ഞാനികള്‍ ക്ഷേത്രജ്ഞനെന്നു പറയുന്നു. 
13-1

അല്ലയോ അര്‍ജ്ജുന, എല്ലാ ക്ഷേത്രങ്ങളിലും (ശരീരങ്ങളിലും) ഇരിക്കുന്ന ക്ഷേത്രജ്ഞനെ ഞാനാണെന്നറിഞ്ഞുകൊള്ളുക. ക്ഷേത്രത്തെയും ക്ഷേത്രജ്ഞനെയും പറ്റിയുള്ള ജ്ഞാനം തന്നെയാണ് ശരിയായ ജ്ഞാനം എന്നാണെന്റെ അഭിപ്രായം.
13-2
ആ ക്ഷേത്രം എന്താണ്, എങ്ങിനെയുള്ളതാണ്, ഏതെല്ലാം വികാരമുള്ളതാണ്, എന്തില്‍നിന്ന് എങ്ങിനെയുണ്ടായതാണ് എന്നും ആ ക്ഷേത്രജ്ഞന്‍ ആരാണ്, അവന്റെ പ്രഭാവം എന്താണ് എന്നും ഞാന്‍ ചുരുക്കിപ്പറയാം. കേള്‍ക്കൂ..
13-3
ഋഷിമാര്‍ പലവിധത്തിലുള്ള ഋഗാദിമന്ത്രങ്ങളെക്കൊണ്ടും യുക്തിയുക്തമായി
വിചാരംചെയ്തു നിശ്ചയിച്ചിട്ടുള്ള ബ്രഹ്മസൂത്രവാക്യങ്ങളെക്കൊണ്ടും അതു വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.
13-4

ആകാശം മുതലായ പഞ്ചഭൂതങ്ങൾ, അഭിമാനകരണമായ അഹംകരണം, നിശ്ചയകരണമായ ബുദ്ധി, ത്രിഗുണാത്മികയായ പ്രകൃതി, ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും മനസ്സുമാകുന്ന പതിനൊന്ന് ഇന്ദ്രിയങ്ങൾ, അഞ്ചു ഇന്ദ്രിയവിഷയങ്ങൾ (ശബ്ദസ്പർശരൂപസുഗന്ധങ്ങൾ), ഇച്ഛാ, ദ്വേഷം, സുഖം, ദുഃഖം, ദേഹം, പ്രാണശക്തി, ധൃതി, വികാരപ്പെട്ടുകൊണ്ടിരിക്കുന്ന ഇവയെല്ലാം കൂടി ചുരുക്കത്തിൽ ക്ഷേത്രമെന്നു പറയപ്പെടുന്നു.
13-5

മാനം, ദംഭം, ഹിംസ ഇവയെ ഉപേക്ഷിക്കുക; ക്ഷമ, ആര്‍ജ്ജവം, ആചാര്യസേവനം ബാഹ്യാഭ്യന്തരശുചിത്വം, സ്ഥിരത, മനോവാക്കായങ്ങളുടെ ഒതുക്കം, ശബ്ദാദിവിഷയങ്ങളില്‍ വൈരാഗ്യം; താന്‍ കര്‍ത്താവാണെന്ന ഭാവമില്ലായ്മ; ജന്മം, മൃത്യു, ജരാ, രോഗം, ദുഃഖം- എന്നിവയിലുള്ള ദോഷങ്ങളെ കണ്ടുകൊണ്ടിരിക്കുക; ഭാര്യാ പുത്ര ഗൃഹാദികളില്‍ ‘എന്റേത്, ഞാന്‍ എന്ന വിചാരമില്ലായ്മ; മനഃസ്സംയമനം കൊണ്ട് മറ്റെങ്ങും പോകാതെ
എന്നില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്ന ഭക്തി; ഏകാന്തസ്ഥലത്തെ ആശ്രയിക്കുക, പ്രകൃതജനങ്ങളുള്ളേടത്ത് (?) മടുപ്പ്, എന്നും അദ്ധ്യാത്മികജ്ഞാനം സമ്പാദിക്കാന്‍ പ്രിയം(?), തത്ത്വജ്ഞാനത്തിന്റെ ഫലം മോക്ഷമാണെന്ന നിശ്ചയം എന്നിവയെല്ലാം യഥാക്രമമനുഷ്ഠിച്ച് ഉണ്ടാക്കേണ്ടതാണ് തത്ത്വജ്ഞാനം. അതുകൊണ്ട് ഇവയെ ജ്ഞാനമെന്ന് പറയുന്നു. ഇതല്ലാത്തവയെല്ലാം അജ്ഞാനകോടിയില്‍പ്പെട്ടവയാണ്.
13-7,8,9,10,11
അറിയപ്പെടുന്ന വസ്തു എന്താണെന്നും ഞാൻ പറയാം. അതറിഞ്ഞവന്ന് മോക്ഷപ്രാപ്തിയുണ്ടാകുന്നു. ആ അറിയപ്പെടേണ്ട വസ്തു ആദിയില്ലാത്തതും സർവ്വോത്കൃഷ്ടവുമായ പരമാത്മാവാകുന്നു. അതു സത്തെന്നും അസത്തെന്നും പറയാവതല്ല.
13-12
എല്ലായിടത്തും കൈകൾ, കാലുകൾ, കണ്ണുകൾ, തലകൾ, മുഖങ്ങൾ, ചെവികൾ മുതലായ അവയവങ്ങൾ ഉള്ള അത് എല്ലാറ്റിനെയും വ്യാപിച്ചു നിൽക്കുന്നു.
13-13
എന്നാൽ അത് എല്ലാ ഇന്ദ്രിയങ്ങളുടേയും വ്യാപാരങ്ങളെ പ്രകാശിപ്പിക്കുന്നതും ഒരു ഇന്ദ്രിയവുമില്ലാത്തതും ഒന്നുമായി ഒട്ടാത്തതും സർവ്വധാരകവും ഗുണരഹിതവും വിഷയങ്ങളെ അനുഭവിക്കുന്നതുമാകുന്നു.
13-14
അത് എല്ലാ ഭൂതങ്ങളുടേയും ഉള്ളിലും പുറത്തും ഉള്ളതാകുന്നു. ഇളകുന്നതും ഇളകാത്തതുമാണ് അത്. അത്യന്തം സൂക്ഷമാകയാൽ അതിനെ അറിയുവാൻ ആർക്കും ഒന്നുകൊണ്ടും സാദ്ധ്യമല്ല. അത് അത്രയും ദൂരെ നിൽക്കുന്നതും അത്രയും അടുത്തുള്ളതുമാകുന്നു.
13-15
ഭൂതങ്ങളിൽ വിഭജിക്കപ്പെടാതെ അതു വിഭജിക്കപ്പെട്ടതു പോലെയിരിക്കുന്നു. ആ ജ്ഞേയം ഭൂതങ്ങളെ ഭരിക്കുന്നതും സംഹരിക്കുന്നതും സൃഷ്ടിക്കുന്നതുമാണ്.
13-16
സൂര്യൻ മുതലായ ജ്യോതിസ്സുകൾക്കും ജ്യോതിസ്സായി, അത് അജ്ഞാനാന്ധകാരത്തിന്നപ്പുറമാകുന്നു. അതുതന്നെ ജ്ഞാനമായും ജ്ഞേയമായും, ജ്ഞാനംകൊണ്ട് പ്രാപിക്കേണ്ടതായും ഇരിക്കുന്നു. സർവ്വപ്രാണികളുടേയും ഹൃദയത്തിൽ വിളങ്ങിക്കൊണ്ടിരിക്കുന്നതും അപ്പറഞ്ഞ വസ്തുതന്നെയാണ്.
13-17
ഇങ്ങനെ ക്ഷേത്രത്തേയും ജ്ഞാനസാധങ്ങളേയും ജ്ഞേയത്തേയും ചുരുക്കത്തിൽ പറഞ്ഞു. എന്റെ ഭക്തൻ ഇവയുടെ യാഥാർത്ത്യം മനസ്സിലാക്കി എന്റെ ഭാവത്തെ പ്രാപിക്കുവാൻ അർഹനായിത്തീരുന്നു.
13-18

പ്രകൃതി, പുരുഷൻ എന്നീ രണ്ടും അനാദികളാകുന്നുവെന്നറിയുക. അതുപോലെ സത്വാദിഗുണങ്ങളേയും അവയുടെ കാര്യങ്ങളേയും പ്രകൃതിയിൽ നിന്നുണ്ടായതായും നീ അറിഞ്ഞുകൊള്ളുക.
13-19
ശരീരങ്ങളുടെയും കരണങ്ങളുടെയും ഉത്പത്തിക്കു കാരണമായിട്ടുള്ളത് പ്രകൃതിയും സുഖദുഃഖങ്ങളെ അനുഭവിക്കുന്നതിനുള്ള കാരണം പുരുഷനുമാകുന്നു.
13-20
പുരുഷൻ പ്രകൃതിയിൽ സ്ഥിതിചെയ്തുകൊണ്ട് പ്രകൃതിയിൽ നിന്നുണ്ടാ‍ായ ഭോഗങ്ങളെ അനുഭവിക്കുന്നു. ജീവന്റെ ഗുണങ്ങളോടുള്ള സംഗമാണ് നല്ലതും ചീത്തയുമായ ശരീരങ്ങളെ സ്വീകരിക്കുവാനുള്ള കാരണം.
13-21
ഈ ദേഹത്തിൽ ഇരിക്കുന്ന പരമപുരുഷൻ അടുത്തുനിന്ന് എല്ലാം കാണുന്നവനും (സർവ്വസാക്ഷിയും) അനുമതി കൊടുക്കുന്നവനും എല്ലാം ഭരിക്കുന്നവനും സുഖദുഃഖങ്ങളെ അനുഭവിക്കുന്നവനും മഹേശ്വരനും
പരമാത്മാവുമാണെന്നു പറയപ്പെടുന്നു.
13-22
ഇപ്പറഞ്ഞ നിലയിൽ പുരുഷന്റെ തത്ത്വത്തേയും ഗുണസഹിതം പ്രകൃതിയുടെ തത്ത്വത്തേയും അറിയുന്നവൻ ഏതു നിലയിൽ കഴിച്ചുകൂട്ടിയാലും പിന്നീട് ജനിക്കുന്നില്ല.
13-23
ചിലർ ധ്യാനം കൊണ്ട് പ്രത്യാഗാത്മാവിനെ പരമാത്മാവായി സാക്ഷാത്കരിക്കുന്നു. ചിലർ ജ്ഞാനയോഗംകൊണ്ട് ആത്മതത്ത്വം സാക്ഷാത്കരിക്കുന്നു. ചിലർ കർമ്മയോഗം കൊണ്ട് ആത്മാവിനെ സാക്ഷാത്കരിക്കുന്നു.
13-24
തത്ത്വമൊന്നുമറിയാതെ ചിലർ ആചാര്യന്മാരെ സമീപിച്ച് ഉപനിഷത് ശ്രവണംചെയ്ത് ആത്മോപാസന ചെയ്യുന്നു. അവരും സംസാരത്തിൽ നിന്നും നിവൃത്തരാകുന്നു.
13-25
അല്ലയോ അർജ്ജുന, ഇളകുന്നതുമിളകാത്തതുമായ ഏതു വസ്തുവും ക്ഷേത്രക്ഷേത്രജ്ഞന്മാരുടെ ചേർച്ചകൊണ്ടുമാത്രം ഉണ്ടാകുന്നതാണെന്നു നീ അറിഞ്ഞാലും.
13-26
നശിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഭൂതങ്ങളിലും ഒരിക്കലും നശിക്കാതെ ഏകരസമായി ഇരുന്നരുളുന്ന ബ്രഹ്മത്തെ അറിയുന്നവൻ തന്നെയാണ് ശരിയായി അറിയുന്നവൻ.
13-27
ആത്മാവിനെ സ്ഥാവരജംഗമങ്ങളിലെല്ലാം കുടികൊള്ളുന്നതായി കണ്ടുകൊണ്ടിരിക്കുന്നവൻ താനടക്കം ഒരു പ്രാണിയേയും ഹിംസിക്കുകയില്ല. അതുകൊണ്ടുതന്നെ അവൻ പരമഗതിയെ പ്രാപിക്കുന്നു.
13-28
എല്ലാ പ്രകാരത്തിലുള്ള കർമ്മങ്ങളും നിർവ്വഹിക്കുന്നത് പ്രകൃതിതന്നെയാണ്, ആത്മാവല്ല എന്നറിയുന്നവൻ ആത്മാവ് എങ്ങനെയും കർത്താവാകയില്ല എന്ന് ശരിയ്ക്ക് അറിയുന്നു.
13-29
പരിച്ഛിന്നങ്ങളായി വേറെ വേറെ കാണുന്ന ഈ ഭൂതങ്ങലെല്ലാം ഒരേ ആത്മാവിൽ അധ്യസ്തങ്ങളായി കണ്ടുകൊണ്ടിരിക്കുന്നവൻ ബ്രഹ്മഭാവത്തെ പ്രാപിക്കുന്നു.
13-30
അനാദിയായതുകൊണ്ടും ഗുണങ്ങളുമായി ചേർച്ചയില്ലാത്തതുകൊണ്ടും പ്രത്യഗഭിന്നമായ പരമാത്മാവ് ഒരിക്കലും നശിക്കുന്നില്ല. അസംഗമായതുകൊണ്ട് ശരീരത്തിലിരുന്നാലും തജ്ജ്ന്യമായ കർത്തൃത്വമോ ഭോക്തൃത്വമോ ആത്മാവിനെ തീണ്ടുന്നില്ല.
13-31

ഇതരഭൂതങ്ങളെ മുഴുവനും വ്യാപിച്ചുനിൽക്കുന്ന ആകാശം അവയെക്കാൾ സൂക്ഷ്മമാകയാൽ എപ്രകാരം അവയോട് ഒട്ടിനിൽക്കുന്നില്ലയോ, അതുപോലെ ആകാശാദിഭൂതങ്ങളെയെല്ലാം വ്യാപിച്ചുനിൽക്കുന്ന സൂക്ഷമമായ ആത്മാവ് ദേഹത്തിലിരുന്നാലും ദേഹധർമ്മങ്ങളോടു ഒട്ടിനിൽക്കുന്നില്ല.
13-32
അല്ലയോ അർജ്ജുന, ഒരേ സൂര്യൻ ഈ ലോകത്തെ മുഴുവനും പ്രകാശിപ്പിക്കും പോലെ ഒരേ ഒരു ക്ഷേത്രജ്ഞൻ മുഴുവൻ ക്ഷേത്രത്തെയും പ്രകാശിപ്പിക്കുന്നു.
13-33


ക്ഷേത്രത്തിന്റെയും ക്ഷേത്രജ്ഞന്റെയും അന്യോന്യഭേദവും ഭൂതപ്രകൃതിയായ മാനാശക്തിയിൽനിന്നുള്ള വേർപാടും ജ്ഞാന ദൃഷ്ടികൊണ്ട് ഇപ്രകാരമറിയുന്നവർ പരമാത്മാവിനെ പ്രാപിക്കുന്നു.
13-34
ഇങ്ങിനെ പതിമൂന്നാം അദ്ധ്യായം അവസാനിച്ചു




Wednesday, March 1, 2017

പുരുഷോത്തമയോഗം-പതിനഞ്ചാമദ്ധ്യായം

പതിനഞ്ചാം അദ്ധ്യായം
പുരുഷോത്തമയോഗം
ശ്രീഭഗവാൻ പറഞ്ഞുഃ
മേലെ വേരും കീഴെ കൊമ്പുകളുമായി, നാശം ഇല്ലാത്ത സംസാരമാകുന്ന ഒരു അരയാലിനെപ്പറ്റി പണ്ഡിതന്മാർ പറയുന്നുണ്ട്. അതിന്റെ ഇലകൾ കർമ്മത്തെ ബോധിപ്പിക്കുന്ന വേദവാക്യങ്ങളാണ്. ഈ തത്ത്വമറിയുന്നവനാണ് വേദാർത്ഥത്തെ ഗ്രഹിച്ചിട്ടുള്ളവൻ. 
15-1
സത്ത്വാദി ഗുണവികാരങ്ങളെക്കൊണ്ടു തടിച്ചവയും ശബ്ദാദി വിഷയങ്ങളാകുന്ന തളിരുകളോടുകൂടിയവയുമായ അതിന്റെ ശാഖകൾ കീഴും മേലുമുള്ള ലോകങ്ങളിലെല്ലാം പടർന്നുനിൽക്കുന്നു. കൂടാതെ അതിന്റെ വേരുകൾ മനുഷ്യശരീരത്തിൽ പിന്നെയും പിന്നെയും കർമ്മങ്ങൾക്കു കാരണങ്ങളായി വ്യാപിച്ചു കിടക്കുന്നു.
15-2
ഈ സംസാരവൃക്ഷത്തിന്റെ സ്വരൂപമോ ആരംഭമോ അവസാനമോ സ്ഥിതിയോ ഒന്നുംതന്നെ നമുക്കറിവാൻ വയ്യ. ഉറച്ചുകിടക്കുന്ന വേരുകളോടുകൂടിയ ഈ സംസാരമാകുന്ന വൃക്ഷത്തെ ദൃഢമായ അനാസക്തിയാകുന്ന (വൈരാഗ്യമാകുന്ന) വാളുകൊണ്ടു വെട്ടിമുറിച്ച് എവിടെ എത്തിയാൽ പുനരാവൃത്തിയില്ലയോ ആ പരമപദത്തെ തേടേണ്ടതാണ്. ആരിൽനിന്നാണ് ഈ സംസാരം പണ്ടേയ്ക്കു പണ്ടേ തുടർന്നുകൊണ്ടിരിക്കുന്നത് ആ ആദ്യനായ പരമപുരുഷനെ ഞാൻ ശരണം പ്രാപിക്കുന്നു.
51-3; 15-4
അഭിമാനവും ദേഹാത്മബുദ്ധിയും സംഗവും വിട്ട് എന്നും അദ്ധ്യാത്മചിന്തകന്മാരായി മറ്റു വിഷയങ്ങളിലുള്ള ആശ ഉപേക്ഷിച്ച് അവയിൽ നിന്നുണ്ടാകുന്ന സുഖദുഃഖങ്ങളെ വിലവെയ്ക്കാത്ത ദേഹാദികളിൽ ആത്മബുദ്ധിയില്ലാത്ത, നിവൃത്തിരസികന്മാർ നാശരഹിതമായ ആ സ്ഥാനത്തെത്തുന്നു.
15-5
അതിനെ സൂര്യനും ചന്ദ്രനും തീയിനും പ്രകാശിപ്പിക്കാൻ സാധിക്കുകയില്ല. എത്തിച്ചേർന്നവർക്ക് പുനരാവൃത്തിയില്ലാത്തതാണ് എന്റെ ആ ഉത്കൃഷ്ടമായ സ്ഥാനം.
15-6
ഈ സംസാരത്തിൽ, ജീവൻ എന്റെതന്നെ സനാതനമായ ഭാഗം മാത്രമാണ്. അത് പ്രകൃതിയിലിരിക്കുന്ന് ഇന്ദ്രിയങ്ങളെയും മനസ്സിനെയും ആകർഷിക്കുന്നു.
15-7
ജീവൻ ഒരു ശരീരത്തെ പ്രാപിക്കുമ്പോഴും ശരീരത്തെ ഉപേക്ഷിക്കുമ്പോഴും, പൂവ് മുതലായവയിൽനിന്ന് കാറ്റ് ഗന്ധത്തെ സ്വീകരിക്കും പോലെ, ഈ ഇന്ദ്രിയങ്ങളെയെല്ലാം എടുത്തുകൊണ്ടുതന്നെ യാത്ര ചെയ്യുന്നു.
15-8
ജീവൻ ചെവി, കണ്ണ്, ത്വക്ക്, നാവ്, മൂക്ക്, മനസ്സ് എന്നിവയെ ആശ്രയിച്ച് വിഷയങ്ങളെ അനുഭവിക്കുന്നു.
15-9
ശരീരത്തിൽനിന്നു വിട്ടുപോകുമ്പോഴും, ശരീരത്തിൽത്തന്നെ ഇരിക്കുമ്പോഴും, ശരീരത്തിലിരുന്ന് വിഷയങ്ങളെ അനുഭവിക്കുമ്പോഴും, മൂന്നു ഗുണങ്ങളോടു ചേർന്നിരിക്കുമ്പോഴും ഈ ജീവനെ കാണാൻ ദേഹാത്മബുദ്ധികളായ മൂഢന്മാർക്ക് തീരെ സാധിക്കുന്നില്ല. വിവേകജ്ഞാനമുള്ളവർ ആ ജീവനെ ദേഹവിലക്ഷണമായി കാണുന്നു.
15-10
സാധനളനുഷ്ഠിക്കുന്ന യോഗികൾ ആത്മാവിനെ തന്നിൽത്തന്നെ ഇരിക്കുന്നതായി കാണുന്നു. ആത്മാനാത്മവിവേചനം ഇല്ലാത്ത അവിവേകികൾ എത്രമാത്രം പ്രയത്നിച്ചാലും ആത്മതത്ത്വത്തെ ഗ്രഹിക്കാൻ സമർത്ഥരല്ല.
15-11
ലോകം മുഴുവൻ പ്രകാശിപ്പിക്കുന്ന ആദിത്യനിലുള്ള തേജസ്സും ചന്ദ്രനിലും അഗ്നിയിലുമുള്ള തേജസ്സും എന്റെ തേജസ്സുതന്നെയാകുന്നുവെന്നറിഞ്ഞാലും.
15-12
ഞാൻ ഭൂമിയിൽ പ്രവേശിച്ച് ഓജസ്സുകൊണ്ടു ഭൂതങ്ങളെയെല്ലാം ധരിക്കുന്നു. അതുപോലെ, ഞാൻ തന്നെ രസമൂർത്തിയായ ചന്ദ്രനായിട്ട്, നെല്ല്, ഗോതമ്പ് മുതലായവയെ പോഷിപ്പിക്കുന്നു.
15-13
ഞാൻ ജഠരാഗ്നിയായി പ്രാണിദേഹത്തെ ആശ്രയിച്ച് പ്രാണാപാനങ്ങളോടുകൂടി നാലുവിധം അന്നങ്ങളേയും ദഹിപ്പിക്കുന്നു.
15-14
ഞാൻ എല്ലാ പ്രാണികളുടേയും ആത്മാവായിട്ട് അവരുടെ ഹൃദയത്തിലിരിക്കുന്നു. എന്നിൽനിന്നാണ് അവർക്ക് ഓർമ്മയും അറിവും മറവിയുമെല്ലാം ഉണ്ടാകുന്നത്. എല്ലാ വേദങ്ങളെക്കൊണ്ടും അറിയേണ്ടവൻ ഞാൻ തന്നെയാണ്. വേദാന്തത്തിന്റെ കർത്താവും വേദാർത്ഥത്തിന്റെ ജ്ഞാതാവും ഞാൻ തന്നെയാകുന്നു.
15-15
ക്ഷരം, അക്ഷരം, എന്നിങ്ങനെ രണ്ടു പുരുഷന്മാർ ഈ ലോകത്തിലുണ്ട്. അതിൽ ക്ഷരപുരുഷനാണ് എല്ലാ ഭൂതങ്ങളും; അക്ഷരപുരുഷനെ ജീവനെന്നും പറയുന്നു.
5-16
മൂന്നുലോകങ്ങളിലും പ്രവേശിച്ച് അവയെ ഭരിക്കുന്ന അവ്യയനായ ഈശ്വരൻ ഈ ക്ഷരാക്ഷരങ്ങളിൽനിന്നു വേറെതന്നെയാണ്. അവൻ പുരുഷോത്തമനെന്നു പറയപ്പെടുന്നു.
5-17
ഭൂതങ്ങളെയെല്ലാം അതിക്രമിച്ചുനിൽക്കുന്നതുകൊണ്ടും ജീവന്മാരേക്കാൾ ഉത്തമനാകയാലും ഞാൻ ലോകത്തിലും വേദത്തിലും പുരുഷോത്തമനെന്നു പ്രസിദ്ധമാണ്.
15-18

അല്ലയോ അർജ്ജുന, മേല്പറഞ്ഞപ്രകാരം വിവേചനംചെയ്തു ക്ഷരാക്ഷരങ്ങളിൽനിന്നു വിലക്ഷണനായി പുരുഷോത്തമനെ ശരിക്കും അറിയുന്നവൻ എല്ലാമറിഞ്ഞുകഴിഞ്ഞു. അവൻ ഏതു നിലയിലും എന്നെത്തന്നെ ഭജിച്ചുകൊണ്ടിരിക്കുന്നു.
15-19

അല്ലയോ അർജ്ജുന, അത്യന്തം ഗോപ്യമായ ഈ ശാസ്ത്രം ഞാൻ ഇതാ ഉപദേശിച്ചു. ഈ പൊരുളറിഞ്ഞവൻ അറിയേണ്ടതെല്ലാം അറിഞ്ഞു. ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു.
15-20
ഇങ്ങനെ പുരുഷോത്തമയോഗമെന്ന് പതിനഞ്ചാമദ്ധ്യായം കഴിഞ്ഞു.



പതിനേഴാമദ്ധ്യായം



പതിനേഴാമദ്ധ്യായം

ശ്രദ്ധാത്രയവിഭാഗയോഗം

അര്‍ജ്ജുനന്‍ പറഞ്ഞു:
ഹേ ഭഗവന്‍, ശ്രുതിസ്മൃതികളില്‍ വിധിച്ചിട്ടുള്ളതറിയാതെ വെറും ആസ്തിക്യബുദ്ധിയോടുകൂടി ദേവാദികളെ ഉപാസിക്കുന്നവരുടെ നിലയെന്തായിരിക്കും, സാത്ത്വികമോ, രാജസമോ, താമസമോ?
17-1

ശ്രീഭഗവാന്‍ പറഞ്ഞുഃ
പ്രാണികളുടെ സ്വാഭാവികമായ ആ ശ്രദ്ധ സത്ത്വത്തിനേയും രജസ്സിനേയും തമസ്സിനേയും ആശ്രയിച്ച് മൂന്നു തരത്തിലാകുന്നു. അത് കേള്‍ക്കൂ..
17-2

സംസ്കാരങ്ങള്‍ക്കാശ്രയമായ അന്തഃക്കരണത്തിനനുസരിച്ചാണ് ജീവന്മാരുടെയെല്ലാം ശ്രദ്ധയിരിക്കുന്നത്. ജീവന്‍‌തന്നെ ആ ശ്രദ്ധയ്ക്കനുസരിച്ച് രൂപം പൂണ്ടവനാണ്. കാരണം, ഏതൊരു ജീവി ഏതു ശ്രദ്ധയോടുകൂടി ഇരിക്കുന്നുവോ ആ ജീവി അതിന്നനുസരിച്ചുതന്നെയിരിക്കുന്നു.

17-3

സാത്ത്വികന്മാര്‍ ദേവന്മാരേയും രാജസന്മാര്‍ യക്ഷരക്ഷസ്സുകളേയും താമസന്മാര്‍ പ്രേതങ്ങളേയും ഭൂതഗണങ്ങളേയും പൂജിക്കുന്നു.

17-4

പതിനാറാമദ്ധ്യായം







പതിനാറാം അദ്ധ്യായം
ദൈവാസുര സമ്പദ് വിഭാഗയോഗം
ശ്രീഭഗവാന്‍ അരുളിച്ചെയ്തു:
പേടിയില്ലായ്മ, ചിത്തശുദ്ധി, ജ്ഞാനയോഗത്തില്‍ ദൃഢത, ദാനം ഇന്ദ്രിയങ്ങളുടെ നിഗ്രഹം, ശ്രൌതസ്മാര്‍ത്തകര്‍മ്മങ്ങള്‍, വേദാദ്ധ്യയനം,
സാത്ത്വികതപസ്സ്, കുടിലതയില്ലായ്മ, സത്യം, കോപിക്കാതിരിക്കല്‍, ത്യാഗം, ഉള്ളില്‍ വിഷയങ്ങളെ കയറ്റായ്ക, ഏഷണിപറയായ്ക, പ്രാണികളില്‍ അലിവ്, ദുരയില്ലായ്മ, മനസ്സിന്റെ മാര്‍ദ്ദവം, ലജ്ജ, ചാപല്യമില്ലാതിരിയ്ക്കല്‍, തേജസ്സ്, എടുത്തുചാട്ടമില്ലായ്മ, ധൈര്യം, ബാഹ്യാഭ്യന്തര ശുചിത്വം, ഒരു പ്രാണിക്കും നോവുണ്ടാതിരിക്കല്‍, പൊങ്ങച്ചം കാട്ടായ്ക ഇവയെല്ലാം ദൈവീകസമ്പത്തിനെ ലക്ഷ്യമാക്കി ജനിച്ചുവന്നുണ്ടാകുന്നതാകുന്നു.
16-1,2,3


അല്ലയോ അര്‍ജ്ജുന, ആസുരസമ്പത്തോടുകൂടി ജനിച്ചവന് താന്‍ കേമനാണെന്ന നടിപ്പും ധനാദികളെക്കൊണ്ടുള്ള അഹംഭാവവും ക്രോധവും കാഠിന്യവും അവിവേകവുമുണ്ടാകുന്നു.
16-4
ഇപ്പറഞ്ഞ ദൈവീക സമ്പത്ത് മോക്ഷത്തിന്നും ആസുരസമ്പത്ത് ബന്ധത്തിനും കാരണമാണ്. അര്‍ജ്ജുന, നീ ദൈവീക സമ്പത്തിനെ ലക്ഷ്യമാക്കി പിറന്നവനാണ്, നിനക്ക് ദുഃഖത്തിന്നവകാശമില്ല.
16-5


അല്ലയോ അര്‍ജ്ജുന, ഈ സംസാരത്തില്‍ ദൈവമെന്നും ആസുരമെന്നും സൃഷ്ടി രണ്ടുവിധത്തിലാകുന്നു. ദൈവസൃഷ്ടിയെ വിസ്തരിച്ചുപറഞ്ഞു. ഇനി ആസുരസൃഷ്ടിയെ വിസ്തരിച്ചു പറയാം. കേള്‍ക്കൂ
16-6



ആസുരപ്രകൃതിയോടുകൂടിയ മനുഷ്യര്‍ പ്രവൃത്തിനിവൃത്തികളെ വേര്‍തിരിച്ചറിയുന്നില്ല. അവരില്‍ ശൌചവും ആചാരവും സത്യവും ഇല്ലതന്നെ.
16-7


കള്ളം നിറഞ്ഞതും ചുവടില്ലാത്തതും നിയാമകനില്ലാത്തതുമാകുന്നു ഈ ജഗത്ത്. കാമവികാരംകൊണ്ട് സ്ത്രീപുരുഷന്മാര്‍ ചേര്‍ന്ന് ഉണ്ടായവയാണ് അതിലുള്ള പ്രാണികളെല്ലാം; അല്ലാതെ എന്താണിവിടെയുള്ളത്; എന്നാണ് അവരുടെ വാദം.
(കൃഷ്ണന്‍ അര്‍ജ്ജുനനോട് ആസുരപ്രകൃതിയോടു കൂടിയ മനുഷ്യരുടെ പ്രകൃതം വിവരിക്കുന്നു )
16-8


ഈ നോട്ടത്തില്‍ വിവേകംകെട്ട് ക്ഷുദ്രബുദ്ധികളായി കടുംകൈ ചെയ്തു ലോകശത്രുക്കളായി ലോകം മുടിക്കാന്‍ അവര്‍ പിറന്നിരിക്കയാകുന്നു.
16-9

ഒരിക്കലും തൃപ്തിയടയാത്ത ദുരയെ ഉള്ളില്‍വെച്ചുപുലര്‍ത്തി ദംഭം, മാനം, മദം, ഇവയില്‍ നിഷ്ഠവെച്ച് അവിവേകഫലമായി വേണ്ടാത്തതെല്ലാം കൈക്കലാക്കി അന്നിലയില്‍ അവന്‍ പിന്നേയും പിന്നേയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
(കൃഷ്ണന്‍ അര്‍ജ്ജുനനോട് ആസുരപ്രകൃതിയോടു കൂടിയ മനുഷ്യരുടെ പ്രകൃതം വിവരിക്കുന്നു )
16-10

പ്രളയംവരെ നിലനില്‍ക്കുന്ന അവസാനമില്ലാത്ത ചിന്തയെ ആശ്രയിച്ച് വിഷയഭോഗത്തിനുമേലെ യാതൊന്നുമില്ലെന്നു നിശ്ചയിച്ച്, നൂറുകണക്കില്‍ പൊങ്ങിവരുന്ന, ആശകളാകുന്ന പാശങ്ങളെക്കൊണ്ട് കെട്ടുപ്പെട്ട് കാമക്രോധങ്ങളെ മുറുകെപ്പിടിച്ച് വിഷയസുഖത്തിന്നുവേണ്ടി ന്യായം വിട്ട് പണം സമ്പാദിക്കുവാന്‍ ആഗ്രഹിക്കുന്നു.
(കൃഷ്ണന്‍ അര്‍ജ്ജുനനോട് ആസുരപ്രകൃതിയോടു കൂടിയ മനുഷ്യരുടെ പ്രകൃതം വിവരിക്കുന്നു )
16-11,12


ഇത് ഇന്നുകിട്ടി, സങ്കല്പിച്ച കാര്യം നാളെ സാധിക്കും; ഇത്ര പണം കൈയ്യിലിരിപ്പുണ്ട്; കുറെക്കൂടി പണം അടുത്തുണ്ടാവും
ആ ശത്രുവിന്റെ കഥ ഞാന്‍ കഴിച്ചു; ഇനി കുറച്ചുപേരുള്ളവരെ അടുത്തുതന്നെ ഞാന്‍ കൊല്ലുന്നുണ്ട്. ഇതിന്റെയെല്ലാം നാഥന്‍ ഞാനാണ്, ഞാന്‍ വിഷയങ്ങളെ അനുഭവിക്കുന്നു; ഞാന്‍ എല്ലാം തികഞ്ഞവനാണ്; എനിക്ക് വേണ്ട ബലമുണ്ട്; സുഖമുണ്ട്:
(കൃഷ്ണന്‍ അര്‍ജ്ജുനനോട് ആസുരപ്രകൃതിയോടു കൂടിയ മനുഷ്യരുടെ പ്രകൃതം വിവരിക്കുന്നു )
16-13, 14

ഞാന്‍ എത്ര വലിയ പണക്കാരന്‍, എത്രയും വലിയ കുലത്തില്‍ ജനിച്ചവന്‍, എനിക്കു തുല്യനായിട്ട് ആരുണ്ട്?, അടുത്ത് ഒരു യാഗം നടത്തും, ധനധാന്യാദികള്‍ ദാനം ചെയ്യും, സ്വര്‍ഗ്ഗത്തില്‍ ചെന്നു സുഖമനുഭവിക്കും; എന്നിങ്ങനെ അവിവേകംകൊണ്ടു തന്റേടം വിട്ടിട്ടുള്ളവര്‍.
(കൃഷ്ണന്‍ അര്‍ജ്ജുനനോട് ആസുരപ്രകൃതിയോടു കൂടിയ മനുഷ്യരുടെ പ്രകൃതം വിവരിക്കുന്നു )
16 -15
നാനാവിധം സങ്കല്പങ്ങളും ചെയ്തു മോഹമാകുന്ന-ദേഹാത്മബുദ്ധിയാകുന്ന-വലയിൽ‌പ്പെട്ട്, വിഷയഭോഗലമ്പടരായി അത്യന്തം ദുസ്സഹമായ നരകത്തിൽ പോയി വീഴുന്നു.
16-16
തന്നെത്താൻ കേമനാണെന്നു നടിക്കുന്നവരും ആരിലും വണക്കമില്ലാത്തവരും ധനത്തിന്റെ തിളപ്പുകൊണ്ട് മാനവും മദവും കൈക്കൊണ്ടിരിക്കുന്നവരുമായ അവർ ഒരു വിധിയുമില്ലാതെ ഡംഭോടുകൂടി യജ്ഞത്തിന്റെ പേരിൽ ചിലതു ചെയ്യുന്നു.
16-17
അഹങ്കാരം, ബലം ഡംഭ്, കാമം, ക്രോധം എന്നിവയെ ആശ്രയിച്ച് അസൂയാലുക്കളായ ഇവർ, തന്നിലും മറ്റുള്ളവരിലും സ്ഥിതി ചെയ്യുന്ന എന്നെ ദ്വേഷിക്കുന്നവരായി ഭവിക്കുന്നു.
16-18
എന്നേയും മറ്റുള്ളവരേയും ദ്വേഷിക്കുന്ന ക്രൂരന്മാരായ പാപികളായ ആ നീചമനുഷ്യരെ, ആസുരയോനിയിൽത്തന്നെ ഞാൻ തള്ളിയിടുന്നു.
16-19

ഹേ അർജ്ജുന, പിന്നേയും പിന്നേയും അസുരയോനിയിൽ ജനിക്കുന്ന ആ മൂഢാചാരജന്മങ്ങളിൽ എന്നെ അറിയാതെ, അതിലും താണ നിലയിലേയ്ക്കുതന്നെ പോകുന്നു.
16-20


കാമം ക്രോധം, ലോഭം, എന്നിവ നരകത്തിലേയ്ക്കുള്ള മൂന്നു വിധം വാതിലുകളാകുന്നു. അതുകൊണ്ട്, ആത്മജ്ഞാനത്തെ നശിപ്പിക്കുന്ന ഇവയെ മൂന്നിനെയും ഉപേക്ഷിക്കേണ്ടതാകുന്നു.
 16-21

അല്ലയോ അര്‍ജ്ജുന, നരകത്തിലേയ്ക്കുള്ള ഈ മൂന്നു വഴി കൈവിട്ട മനുഷ്യന്‍ ആത്മാവിന്റെ ശ്രേയസ്സിലുള്ള സാധനകളെ അനുഷ്ഠിക്കുന്നു. തത്ഫലമായി ഉത്കൃഷ്ടമായ സ്ഥാനത്ത് അവന്‍ എത്തിച്ചേരുന്നു.

16-22

ശാസ്ത്രവിധികളെ വിലവെയ്ക്കാതെ, തോന്നിയപോലെ ജീവിക്കുന്നവന്ന് അന്തഃകരണശുദ്ധിയോ സുഖമോ മോക്ഷമോ ലഭിക്കുന്നില്ല.

16-23

അതുകൊണ്ട് ചെയ്യേണ്ടതും ചെയ്യാതിരിക്കേണ്ടതും അറിയിക്കുന്ന പ്രമാണം ശാസ്ത്രം (വേദം) ഒന്നുമാത്രമാണ്. അല്ലയോ അര്‍ജ്ജുന, അതുകൊണ്ട് നീ ശാസ്ത്രത്തില്‍ ചെയ്‌വാന്‍ പറഞ്ഞിട്ടുള്ള കര്‍മ്മം ഇന്നതാണെന്ന് അറിഞ്ഞു പ്രവര്‍ത്തിക്കേണ്ടതാണ്.

16-24

ഇങ്ങനെ ദൈവാസുരസമ്പദ്വിഭാഗയോഗമെന്ന പതിനാറാമദ്ധ്യായം കഴിഞ്ഞു. 

Sunday, February 28, 2016

ഒമ്പതാം അദ്ധ്യായം - രാജവിദ്യാരാഗഗുഹ്യയോഗം

ഒമ്പതാം അദ്ധ്യായം

രാജവിദ്യാരാഗഗുഹ്യയോഗം

ശ്രീഭഗവാന്‍ പറഞ്ഞു:

അത്യന്തം ഗോപ്യവും അനുഭവജ്ഞാനത്തോടുകൂടിയതുമായ ജ്ഞാനത്തെ ഞാന്‍, മനസ്സില്‍ കാമക്രോധാദിമാലിന്യങ്ങളൊന്നുമില്ലാത്ത നിനക്കുപദേശിക്കാം. ഈ ജ്ഞാനം സംസാരത്തില്‍നിന്ന് നിന്നെ മോചിപ്പിക്കും
9-1

Wednesday, February 24, 2016

എട്ടാം അദ്ധ്യായം - ക്ഷരാക്ഷരബ്രഹ്മയോഗം






അര്‍ജ്ജുന ഉവാച:
അങ്ങു പറഞ്ഞ ആ ബ്രഹ്മം, അദ്ധ്യാത്മം, കര്‍മ്മം, അധിഭൂതം, അധിദൈവം എന്നീ പദങ്ങളുടെ അര്‍ത്ഥമെന്താണ്? അവന്‍ ഇതില്‍ എങ്ങനെയിരിക്കുന്നു? യോഗികള്‍ ദേഹബന്ധം വിടുമ്പോള്‍ അങ്ങയെ എങ്ങനെ അറിയും?
8-1

ഉത്കൃഷ്ടവും നാശരഹിതവുമായ വ്യാപകവസ്തുവെയാണ് ഇവിടെ ബ്രഹ്മമെന്നു പറഞ്ഞിട്ടുള്ളത്. ദേഹം കൊണ്ട് പരിച്ഛിന്നമായ പ്രത്യഗാത്മാവിനെയാണ് ഇവിടെ അദ്ധ്യാത്മമെന്ന് പറഞ്ഞിട്ടുള്ളത്. സൃഷ്ടിവ്യാപാരത്തെയാകുന്നു കര്‍മ്മമെന്നു പറയുന്നത്. അത് ഭൂത ഭൌതിക വസ്തുക്കളുടെ ഉത്പ്ത്തിക്കു കാരണവുമാകുന്നു.
8-2


3?

അല്ലയോ പുരുഷശ്രേഷ്ഠ, പ്രാണികളുടെ എന്നും നശിച്ചുകൊണ്ടിരിക്കുന്ന ദേഹാദിപദാര്‍ത്ഥങ്ങളാണെന്നാണ് അധിഭൂതത്തിന്റെ അര്‍ത്ഥം. അധിദൈവമെന്നത് ഹിരണ്യഗര്‍ഭനാണ്. ദേഹാഭിമാനികളുടെ ഈ ദേഹത്തില്‍ അധിയജ്ഞനായിട്ടിരിക്കുന്നത് ഞാന്‍ തന്നെയാണ്.
8-4


മരണസമയത്ത് എന്നെത്തന്നെയോര്‍ത്തുകൊണ്ട് ശരീരം വിടുന്നവന്‍ എന്നെത്തന്നെ പ്രാപിക്കുന്നു. അതില്‍ സംശയിക്കേണ്ട.
8-5


അല്ലയോ അര്‍ജ്ജുന, ഏതൊരു ഭാവത്തെ ചിന്തിച്ചുകൊണ്ടാണോ ദേഹം വെടിയുന്നത്, എപ്പോഴും ആ ഭാവത്തെത്തന്നെ ചിന്തിച്ചതിന്റെ ഫലമായി അവന്‍ ആ ഭാവത്തെ(രൂപത്തെ)ത്തന്നെ പ്രാപിക്കുന്നു.
8-6



അതുകൊണ്ട് എപ്പോഴും എന്നെ ഓര്‍ക്കുക. കര്‍ത്തവ്യകര്‍മ്മം ചെയ്യുക. അങ്ങനെ എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ചിട്ടുള്ള നീ എന്നെത്തന്നെ പ്രാപിക്കും. അതില്‍ സംശയമില്ല.
8-7

മുന്‍പറഞ്ഞ അഭ്യാസക്രമമാകുന്ന യോഗത്തോടുകൂടിയതും മറ്റൊന്നിനെ ഓര്‍ക്കാത്തതുമായ ഏകാഗ്രമായ മനസ്സുകൊണ്ട്, സ്വയം പ്രകാശിച്ചുകൊണ്ടിരിക്കുന്നതും നിരതിശയവുമായ പുരുഷനെ, പരമാത്മാവിനെ, ധ്യാനിച്ചുകൊണ്ടിരിക്കുന്നവന്‍ ആ പുരുഷനെത്തന്നെ പ്രാപിക്കുന്നു.
8-8


എല്ലാറ്റിന്റേയും ഉള്‍തത്ത്വമറിയുന്നവനും, പണ്ടേയുള്ളവനും, ജഗന്നിയന്താവും,
അതിസൂക്ഷ്മവസ്തുക്കളേക്കാള്‍ സൂക്ഷ്മരൂപനും, എല്ലാറ്റിന്റേയും താങ്ങും, മനസ്സുകൊണ്ട് ഗ്രഹിക്കാന്‍ കഴിയാത്ത രൂപത്തോടുകൂടിയവനും, അജ്ഞാനാന്ധകാരത്തില്‍ നിന്നകന്ന് ആദിത്യനെപ്പോലെ ഉജ്വലിക്കുന്നവനുമായവനെ:
മരണ സമയത്തു ഇളക്കമറ്റ മനസ്സോടെ ഭക്തിയോടും യോഗബലത്തോടുംകൂടി ഭൂമദ്ധ്യത്തില്‍ വേണ്ടവണ്ണം പ്രാണനെ ആവേശിപ്പിച്ച് അനുസ്മരിക്കുമോ , അവന്‍ ആ ദിവ്യനായ പരമപുരുഷനെ തന്നെ പ്രാപിക്കുന്നു.
8-9; 8-10

വേദതത്ത്വങ്ങള്‍ അറിയാവുന്നവര്‍ നാശരഹിതമെന്നു പറയുന്നതും
രാഗദ്വേഷാദികള്‍ നിശ്ശേഷം വെടിഞ്ഞ് യതികള്‍ പ്രാപിക്കുന്നതും
ബ്രഹ്മചര്യാനുഷ്ഠാനം കൊണ്ട് സമ്പാദിക്കാനാഗ്രഹിക്കുന്നതുമായ
ആ പരമപദത്തെ നിന്നോടു ഞാന്‍ ചുരുക്കി പറയാം
8-11

ഇന്ദ്രിയങ്ങളെല്ലാം (വിഷയങ്ങളില്‍ നിന്ന്) പ്രത്യാഹരിച്ച്, 
മനസ്സിനെ ഹൃദയത്തില്‍ ഉറപ്പിച്ച്,
പ്രാണനെ മൂര്‍ദ്ധാവില്‍ (ഭൂമദ്ധ്യത്തില്‍) കൊണ്ടുപോയി നിര്‍ത്തി,
യോഗധാരണ ചെയ്ത്,
ഏകാക്ഷരമായ ഓംകാരത്തെ ദീര്‍ഘമായുച്ചരിച്ച്,
എന്നെ ധ്യാനിച്ചുകൊണ്ട്
ജീവന്‍ വെടിയുന്നവന്‍
പരമപദത്തെ പ്രാപിക്കുന്നു
8-12-; 8-13


edit
rearrange 

ക്ഷരാക്ഷരബ്രഹ്മയോഗമെന്ന എട്ടാമദ്ധ്യായം കഴിഞ്ഞു.

വേദങ്ങള്‍, യജ്ഞങ്ങള്‍, തപസ്സുകള്‍, ദാനങ്ങള്‍ ഇവയെല്ലാം ചെയ്താല്‍ കിട്ടുന്ന പുണ്യം പരമാതമജ്ഞാനം ചെയ്തുകൊണ്ടിരിക്കുന്ന യോഗിക്ക് അത്യന്തം തുച്ഛമാകുന്നു. എന്തെന്നാല്‍ അവന്‍ സര്‍വ്വോത്കൃഷ്ടവും നിത്യവുമായ സ്ഥാനത്തെത്തിച്ചേരുന്നു.
8-28


അല്ലയോ അര്‍ജ്ജുന, ഈ രണ്ടു മാര്‍ഗ്ഗങ്ങളുടേയും നിലയറിയുന്ന ധ്യാനയോഗി
ഒരിക്കലും മോഹവശനാകുന്നില്ല. അതുകൊണ്ട് നീയും എല്ലായ്പോഴും എന്നില്‍ത്തന്നെ മനസ്സുറപ്പിച്ചുകൊണ്ടേയിരിക്കുക.
8-27


ഏതു മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യത്തില്‍ ചെന്നു മടങ്ങുകയും മടങ്ങാതിരിക്കുകയും ചെയ്യുന്നുവോ ആ ശുക്ലകൃഷ്ണങ്ങളായ രണ്ടു മാര്‍ഗ്ഗങ്ങളും ലോകത്തിലെന്നുമുള്ളതാണ്. 
8-26

കര്‍മ്മയോഗി ധൂമം, രാത്രി, കറുത്തപക്ഷം, ആറു മാസങ്ങളാകുന്ന ദക്ഷിണായനം ഇവയില്‍ അഭിമാനികളായ ദേവതകളിലൂടെ പോയി ചന്ദ്രനെ പ്രാപിച്ചു വീണ്ടും ഇവിടെത്തന്നെ മടങ്ങിവരുന്നു.
8-25


ബ്രഹ്മജ്ഞാനികളായ ജനങ്ങള്‍ അഗ്നി, ജ്യോതിസ്സ്, പകല്‍, വെളുത്തപക്ഷം, ആറുമാസങ്ങളാകുന്ന ഉത്തരായണം, ഇവയില്‍ അഭിമാനികളായ ദേവതകളെ സമീപിച്ച് ദേവതകളുടെ സ്ഥാനംവഴിക്ക് ബ്രഹ്മത്തെ പ്രാപിക്കുന്നു.
8--24

അല്ലയോ അര്‍ജ്ജുന, ഈ ലോകങ്ങള്‍ ഏതൊരുത്തന്റെ ഉള്ളില്‍ ഒരുങ്ങിയിരിക്കുന്നുവോ, അവയിലെല്ലാം ഏതൊരുത്തന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നുവോ ആ പരമാത്മാവിനെ മറ്റൊന്നില്‍ പതിയാത്ത 
നിരതിശയപ്രേമധാരയാകുന്ന ഭക്തികൊണ്ടുമാത്രം പ്രാപിക്കാവുന്നതാണ്.
8-22



പരമകാരണമായ ആ അവ്യക്തത്തെ എന്നും നശിക്കാത്ത ബ്രഹ്മമാണെന്നു ശ്രുതികള്‍ പറയുന്നു. അതാണ് എല്ലാവരുടേയും പ്രാപ്യസ്ഥാനം. ആ സ്ഥാനത്തെത്തിയവര്‍ പിന്നീട് മടങ്ങിവരുന്നില്ല. അതാകുന്നു എന്റെ ഉത്കൃഷ്ടമായ സ്ഥാനം.
8-21

ആ അവ്യക്ത്പ്രകൃതിയില്‍നിന്നും ഭിന്നവും ഉത്കൃഷ്ടവുമായ ഇന്ദ്രിയവേദ്യമല്ലാത്ത ഒരു വസ്തു ഉണ്ട്. അത് എല്ലാ ഭൂതങ്ങളു നശിക്കുമ്പോഴും നശിക്കാതെ ഏകരസമായി നില്‍ക്കുന്നതാണ്. 
8-20


ഹേ പാര്‍ത്ഥ, ഈ ഭൂതസമൂഹം തനെന്‍ അസ്വതന്ത്രമായി പിന്നെയും പിന്നെയും
ജനിക്കുകയും രാത്രിയുടെ ആരംഭത്തില്‍ ലയിക്കുകയും ചെയ്യുന്നു. പകല്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുകയും ചെയ്യുന്നു.
8-19


ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുമ്പോള്‍ വ്യക്തികളെല്ലാം അവ്യക്തത്തില്‍നിന്ന് വെളിപ്പെടുന്നു. അതുപോലെ രാത്രിയുടെ ആരംഭത്തില്‍ എല്ലാം അതേ ശരീരത്തില്‍ മറയുകയും ചെയ്യുന്നു.
8-18

ആയിരം മഹായുഗങ്ങള്‍ കൂടിയതാണ് ബ്രഹ്മാവിന്റെ ഒരു പകലും അതുപോലെ
രാത്രിയുമെന്നാണ് അഹോരാത്രതത്ത്വമറിയുന്നവര്‍ പറയുന്നത്.
8-17

അല്ലയോ അര്‍ജ്ജുന, ബ്രഹ്മലോകംവരെയുള്ള ഏതുലോകത്തില്‍ ചെന്നാലും നിശ്ചയമായും മടങ്ങേണ്ടിവരും. എന്നെ പ്രാപിച്ചവര്‍ക്കാകട്ടെ, പിന്നെ
ജനിക്കേണ്ടതായിവരുന്നില്ല. (അവര്‍ക്ക് പുനര്‍ജ്ജന്മമില്ല.)
816

ബ്രഹ്മാത്മബുദ്ധി ഉറച്ച് മുക്തരായ മഹാത്മാക്കള്‍ ദുഃഖങ്ങളുടെ ഇരിപ്പിടവും അനിത്യവുമായ ജന്മത്തെ വീണ്ടും സ്വീകരിക്കുന്നില്ല. കാരണം, അവര്‍ എന്നെ 
പ്രാപിച്ചുകഴിഞ്ഞു.

8-15



ജ്ഞാനവിജ്ഞാനയോഗം- ഏഴാം അദ്ധ്യായം-




അല്ലയോ അര്‍ജ്ജുന, എന്നില്‍ മനസ്സിനെ ഉറപ്പിച്ചവനും എന്നെ ആശ്രയിച്ചവനുമായ ധ്യാനയോഗി എന്നെ പൂര്‍ണ്ണമായി നിസ്സംശയം അറിയുന്ന ക്രമത്തെ ഞാന്‍ വിവരിക്കാം. നീ കേള്‍ക്കൂ..
7-1


അനുഭവത്തോടു യോജിച്ച നിലയില്‍ ഈ ജ്ഞാനത്തെ പൂര്‍ണ്ണമായി നിന്നോടു ഞാന്‍ പറയാം. ഇതറിഞ്ഞാല്‍ പിന്നെ അറിയേണ്ടതായിട്ടൊന്നുമില്ല.
7-2


അനേകായിരം ആളുകള്‍ക്കിടയില്‍ മോക്ഷസിദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുവനുണ്ടായേയ്ക്കാം. അങ്ങനെ പ്രയത്നിക്കുന്ന അനേകം ജനങ്ങളില്‍ ഒരുവന്‍ എന്നെ പരമാര്‍ത്ഥഭാവത്തില്‍ അറിഞ്ഞുവെന്നുവരാം.
7-3


ഭൂമി, ജലം, അഗ്നി, വായു, ആകാശം, അഹങ്കാരം, മഹത്തത്ത്വം അവ്യക്തം- ഇങ്ങനെ എന്റെ പ്രകൃതി എട്ടുവിധത്തിലുണ്ട്.
7-4

അല്ലയോ മഹാബാഹുവായ അര്‍ജ്ജുന, മുന്‍പറഞ്ഞ എന്റെ പ്രകൃതിയെ ‘അപര‘യെന്നു പറയുന്നു. എനിക്ക് അതല്ലാതെ മറ്റൊരു പ്രകൃതിയുണ്ട്. അതാണ് ഈ ലോകത്തെ മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നതും ജീവനായിരിക്കുന്നതും. അത് എന്റെ ‘പര‘യായ പ്രകൃതിയാണെന്നു നീ അറിഞ്ഞുകൊള്ളുക.
7-5

എല്ലാ ഭൂതങ്ങള്‍ക്കും (ചരാചരങ്ങള്‍ക്കും) കാരണം ഈ രണ്ടു പ്രകൃതികള്‍ തന്നെയാണ് എന്ന് ധരിക്കൂ. ഈ വഴിക്ക് എല്ലാ പ്രപഞ്ചത്തിന്റെയും ഉത്പത്തിക്കും നാശത്തിനും ഞാന്‍ കാരണമാകുന്നു.
7-6

അല്ലയോ അര്‍ജ്ജുനാ, ഈ ലോകത്തിന് എന്നെക്കാള്‍ മീതെ വേറെയൊരു കാരണമില്ല. നൂലില്‍ രത്നങ്ങള്‍ എന്നതുപോലെ എന്നില്‍ ഇതെല്ലാം കോര്‍ക്കപ്പെട്ടിരിക്കുന്നു.
7-7

അല്ലയോ അര്‍ജ്ജുന, വെള്ളത്തില്‍ രസമായും സൂര്യനിലും ചന്ദ്രനിലും പ്രഭയായും വേദങ്ങളിലെല്ലാം ഓങ്കാരമായും ആകാശത്തില്‍ ശബ്ദമായും മനുഷ്യരില്‍ പൌരുഷമായും, ഭൂമിയില്‍ പരിമളമായും അഗ്നിയില്‍ വെളിച്ചമായും, എല്ലാ പ്രാണികളിലും അന്നമായും തപസ്വികളില്‍ തപസ്സായും ഇരിക്കുന്നത് ഞാന്‍ (ആത്മാവ്) ആകുന്നു. 
7-8

എല്ലാ ഭൂതങ്ങളുടേയും സനാതനമായ ബീജവും ഞാനാകുന്നു. ഹേ ഭരതശ്രേഷ്ഠ, അതുപോലെ ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും ബലമുള്ളവരുടെ കാമവും രാഗവും തീണ്ടാത്ത ബലവും,
പ്രാണികളില്‍ ധര്‍മ്മവിരുദ്ധമല്ലാത്ത കാമവും ഞാനാകുന്നു.
7-10

സത്വരജസ്തമോഗുണങ്ങളുടെ മേളനം കൊണ്ടുണ്ടായ ഈ വസ്തുക്കളെല്ലാം എന്നില്‍ നിന്നുണ്ടായവയാണ്. അവ എന്നെ ആശ്രയിച്ചു നില്‍ക്കുന്നു. ഞാന്‍ അവയെ ആശ്രയിക്കുന്നില്ല എന്നറിഞ്ഞുകൊള്ളുക. 
7-12


സത്വം, രജസ്സ്, തമസ്സ്, എന്നീ മൂന്നു ഗുണങ്ങളുടെ കാര്യങ്ങളായ ഭാവങ്ങളാല്‍ മോഹിക്കപ്പെട്ട ഈ ലോകരെല്ലാം അവയില്‍നിന്ന് അതീതനും നാശരഹിതനുമായ എന്നെ അറിയുന്നില്ല.
7-13


ഗുണസ്വരൂപിണിയായ എന്റെ ദ്വിവ്യപ്രകൃതിയെ അതിക്രമിക്കാന്‍ നന്നെ പ്രയാസമുണ്ട്. എന്നാല്‍ മറ്റുവിഷയങ്ങളെ വിട്ട് എന്നെ മാത്രം ശരണം പ്രാപിക്കുന്നവര്‍ ആ മായയെ അതിക്രമിക്കുന്നു.
7-14


മായകൊണ്ട് ജ്ഞാനം അപഹരിക്കപ്പെട്ടവരും ആസുരഭാവത്തെ ആശ്രയിച്ചവരും ദുരാചാരന്മാരും മൂഢന്മാരുമായ മനുഷ്യാധമന്മാര്‍ എന്നെ പ്രാപിക്കുന്നില്ല.
7-15

ദുഃഖിതന്‍, ജ്ഞാനേച്ഛു, സുഖഭോഗങ്ങളാഗ്രഹിക്കുന്നവന്‍, ജ്ഞാനി ഇങ്ങനെ നാലുവിധത്തിലുള്ള ജനങ്ങള്‍ എന്നെ ഭജിക്കുന്നു.
7-16



അവരില്‍ ജ്ഞാനി കാമങ്ങളെല്ലാം വിട്ട് അവ്യാജമായ പ്രേമാധിക്യം കൊണ്ട് എന്നെമാത്രം ഭജിക്കുന്നവനാകയാല്‍ അവന്‍ ശ്രേഷ്ഠനാകുന്നു. അവന് ഞാന്‍ ഏറ്റവും പ്രയനാണ്. അവന്‍ എനിക്കും അധികം പ്രിയപ്പെട്ടവനാണ്.
7-17


ഇവര്‍ എല്ലാം ശ്രേഷ്ഠന്മാര്‍തന്നെയാണ്. എന്നില്‍ ചിത്തമുറപ്പിച്ച ജ്ഞാനിയാകട്ടെ, എന്റെ ആത്മാവുതന്നെയാണ്(ഞാന്‍ തന്നെയാണ്). അവന്‍ എന്നില്‍ത്തന്നെ മനസ്സുറപ്പിച്ചവനും, എന്നെത്തന്നെ പരമഗതിയായി കരുതിയിരിക്കുന്നവനുമാകുന്നു.
7-18


അനേകായിരം ജന്മങ്ങല്‍ക്കുശേഷം, എല്ലാം പരമാത്മാവുമാത്രമാണെന്ന് ഉറപ്പിച്ച ജ്ഞാനി ഒടുവില്‍ എന്നെ പ്രാപിക്കുന്നു. അങ്ങനെയുള്ള മഹാത്മാവ് വലരെ ദുര്‍ല്ലഭമാകുന്നു.

7-19



ഓരോ വിഷയങ്ങളിലുള്ള അഭിലാഷംകൊണ്ട് വിവേകം നശിച്ചവര്‍ സ്വന്തം സ്വഭാവത്തിന്നു വശംവദരായി വൈദികവും താന്ത്രികവുമായ വിധിക്കനുസരിച്ച് മറ്റ് ദേവന്മാരെ ഉപാസിക്കുന്നു.
7-20

ഏതേതു ഭക്തന്‍ ഏതേതു ദേവന്മാരെ വിശ്വാസത്തോടുകൂടി ഉപാസിക്കുന്നുവോ അതതു അതതു ഭക്തന്ന് ദേവന്മാരില്‍ ഉറച്ചുനില്‍ക്കുന്ന ആ ശ്രദ്ധയെത്തന്നെ ഞാന്‍ കൊടുക്കുന്നു.
7-21



ആ ശ്രദ്ധയോടുകൂടി അവന്‍ ആ ദേവതയെത്തന്നെ ഉപാസിക്കുന്നു. അതിനുള്ള ഫലം ആ ദേവതയില്‍നിന്ന് അവന്നു കിട്ടുന്നു. എന്നാല്‍ അതു ഞാന്‍‌തന്നെ കൊടുത്തതാണ്; അത് അവനറിയുന്നില്ല.
7-22

അല്പബുദ്ധികളായ അവര്‍ക്കു കിട്ടുന്ന ഫലം നീണ്ടുനില്‍ക്കാത്തതാണ്. ദേവന്മാരെ ഭജിക്കുന്നവന്‍ തത്ഫലമായി അത്തരം ദേവന്മാരെ പ്രാപിക്കുന്നു. എന്നെ ഭജിക്കുന്നവര്‍ എന്നെ പ്രാപിക്കുന്നു.
7-23\
ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയപ്പെടുവാന്‍ കഴിയാത്ത എന്നെ അവിവേകികള്‍ വ്യക്തിഭാവത്തോടുകൂടിയവനായി വിചാരിക്കുന്നു. കാരണം സര്‍വ്വോത്കൃഷ്ടവും നാശശൂന്യവും ഇന്ദ്രിയാതീതവുമായ എന്റെ രൂപത്തെ അവരറിയാത്തതുതന്നെ.
7-24

യോഗമായകൊണ്ട് മറയ്ക്കപ്പെട്ട ഞാന്‍ എല്ലാവര്‍ക്കും കാണാവുന്നവനല്ല. മായാമോഹിതമായ ഈ ലോകം എന്നെ ജനനമരണമില്ലാത്തവനായും നാശമില്ലാത്തവനായും അറിയുന്നില്ല.
7-25



അല്ലയോ അര്‍ജ്ജുന, ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ കാലങ്ങളിലുള്ള എല്ലാ പ്രാണികളേയും ഞാന്‍ അറിയുന്നുണ്ട്. അവയിലാരും എന്നെ അറിയുന്നില്ല.
7-26


അല്ലയോ ശത്രുതാപനനായ അര്‍ജ്ജുന, ഇച്ഛാ, ദ്വേഷം (കാമം ക്രോധം) ഇവയില്‍നിന്നുണ്ടാകുന്ന സുഖദുഃഖാദിദ്വന്ദ്വമോഹംകൊണ്ട് എല്ലാ ജീവികളും സൃഷ്ടിയില്‍ വിവേകശൂന്യതയെ പ്രാപിക്കുന്നു.
7-27

പുണ്യകര്‍മ്മങ്ങളുടെ ആധിക്യംകൊണ്ട് പാപം നശിച്ചിട്ടുള്ളവര്‍ ദ്വന്ദ്വമോഹങ്ങളില്‍നിന്നു മുക്തരായി സാധനാനുഷ്ഠാനത്തില്‍ ദൃഢചിത്തരായി എന്നെ ഭജിക്കുന്നു.
7-28

---
അധിഭൂതം, അധിദൈവം, അധിയജ്ഞം എന്നിവയോടുകൂടിയ എന്നെ അറിഞ്ഞ് എന്നില്‍ത്തന്നെ മനസ്സു യോജിപ്പിച്ച ഭക്തന്മാര്‍ മരണാവസരത്തിലും എന്നെ ഓര്‍ക്കുന്നു.
7-30